Kerala
വയനാട് കാട്ടാന:10 ലക്ഷം നഷ്ടപരിഹാരം;ഭാര്യയ്ക്ക് ജോലി;സർവ്വ കക്ഷി യോഗത്തിൽ വച്ച് പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ
വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഭാര്യയ്ക്ക് സ്ഥിരം ജോലി നല്‍കുമെന്നും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തില്‍ തീരുമാനമായി. കുടുംബം ആവശ്യപ്പെട്ടതില്‍ 50 ലക്ഷത്തില്‍ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും.
സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ ആനയെ കൊല്ലണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നേരത്തേ, ഭാര്യയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ യോഗത്തില്‍ സ്ഥിരം ജോലി നല്‍കാന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനമായി. യോഗതീരുമാനങ്ങള്‍ കലക്ടര്‍ വായിച്ചു കേള്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും പ്രതിഷേധിച്ചു. എന്നാല്‍ പിന്നീട് പൊലീസ് വാഹനത്തില്‍ കലക്ടറെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാര്‍ശ ഉടന്‍തന്നെ നല്‍കും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നല്‍കണമെന്ന ആവശ്യത്തില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി.