Kerala
പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞു;വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ ഒരുവിധം താഴെയിറക്കിയത്.
കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാർഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാർക്ക് കുറവായതിനാൽ അമ്മ വഴക്കു പറഞ്ഞു. ഇതിൽ കുപിതനായാണ് വിദ്യാർഥി വൈദ്യുതി ടവറിൽ കയറിയത്.
സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടുനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഇവർ ജീവൻ പണയം വെച്ചാണ് കുട്ടിയെ താഴെയിറക്കിയത്.