Kerala
കഞ്ചാവ് കടത്ത് പോലീസിൽ അറിയിച്ചെന്നുള്ള സംശയം ആലപ്പുഴയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു
ആലപ്പുഴ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കൈതവന സ്വദേശി ജയ കിഷോർ(51), മരുമകൻ അനന്തു(20), അയൽവാസി ഭാസ്കരൻ (59) എന്നിവർക്കാണ് വെട്ടേറ്റത്. ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേർന്ന് ജയ കിഷോറിനെയും അയൽവാസി ഭാസ്കറിനെയും വെട്ടുകയായിരുന്നു.
ഈ സമയം അനന്തു വീട്ടിലില്ലായിരുന്നു. അനന്തുവിനെ റോഡിൽ വെച്ചാണ് വെട്ടിയത്. ആക്രമണത്തിനുശേഷം മടങ്ങിപ്പോയ സംഘം വീണ്ടും തിരിച്ചെത്തി വീട് അടിച്ചുപൊളിക്കുകയും ബൈക്കിന് തീവെക്കുകയും ചെയ്തു.
ആലപ്പുഴ സൗത്ത് പോലീസ് എത്തിയാണ് മൂവരയും ആശുപത്രിയിൽ എത്തിച്ചത്. ഉദീഷിന്റെ പക്കൽ നിന്ന് ഒന്നര മാസം മുൻപ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനന്തുവാണ് വിവരം പൊലീസിലറിയിച്ചത് എന്ന് പറഞ്ഞായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെ ഉദീഷും സംഘാംഗങ്ങളും വാൾ വീശി രക്ഷപ്പെട്ടു.