Kerala
ബിജെപിയിൽ ചേർന്നാൽ കേസില്ല ;ബി.ജെ.പിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ബി.ജെ.പിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്ത് ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു.
വിവിധ കേസുകളിൽ ആംആദ്മി പാർട്ടിക്കെതിരെ ഇഡിയും ദില്ലി പോലീസും നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തൽ. ദില്ലി മന്ത്രി അതിഷി മർലേനയുടെ വീട്ടിലും ഇന്ന് ദില്ലി ക്രൈംബ്രാഞ്ച് എത്തി നോട്ടീസ് നൽകി.
ദില്ലി മദ്യനയ കേസിലും എഎപി എംഎൽഎമാരെ ബിജെപി പണം നൽകി വാങ്ങാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിജെപി നൽകിയ പരാതിയിലും കെജ്രിവാളിനെതിരെ അന്വേഷണ ഏജൻസികൾ നടപടികൾ കടുപ്പിക്കുകയാണ്. മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് 5 തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതിയെ ഇഡി പരാതി അറിയിച്ചത്. കോടതി കേസ് ബുധനാഴ്ച്ച പരിഗണിക്കും.