Politics
ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്
മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്. കഴിഞ്ഞ ദിവസം ‘ഫാസിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പേരിൽ യൂത്ത് കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു രാഹുലിന്റെ വ്യാജപ്രചരണം. ഗാന്ധിജിയെ ആർഎസ്എസ് കൊലപ്പെടുത്തിയെന്ന തെറ്റായ പ്രചാരണം നടത്തിയതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.
ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാറാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവേദിയിൽ ബോധപൂർവം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പിന്നാലെ ആർഎസ്എസിനോട് മാപ്പ് പറയാൻ നിർദ്ദേശിച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ നിന്ദ്യമായ പരാമർശം നടത്തിയിരുന്നു.
നേരത്തെ പരിപാടി സംബന്ധിച്ച് നിയമവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്ററുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഹാരിസ് മുതൂർ, വൈസ് പ്രസിഡന്റുമാരായ നിധീഷ്, പ്രജിത്ത്, വിശ്വനാഥൻ എന്നിവർക്കെതിരെയും ആർഎസ്എസ് വക്കീൽ നോട്ടീസ് നൽകിയിരുന്നു.