Kerala
കിഴതടിയൂർ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് ജോർജ് സി കാപ്പന്റെ വീട് 2 കോടിക്ക് ജപ്തി ചെയ്‌തു
കോട്ടയം :പാലാ കിഴതടിയൂർ സഹകരണ ബാങ്ക് ജപ്തി നടപടികൾ പുരോഗമിക്കുന്നു.ഇന്ന് ബാങ്ക് ഹാളിൽ നടന്ന ജപ്തി ലേല നടപടികളിൽ കിഴതടിയൂർ ബാങ്ക് മുൻ പ്രസിഡന്റ് ജോർജ് സി കാപ്പന്റെ വലവൂർ കൂത്താട്ടുകുളം റൂട്ടിൽ മുണ്ടുപാലം സെമിനാരിക്ക് സമീപമുള്ള 46 ആർ സ്ഥലവും 2070 സ്കയർ വിസ്തീർണ്ണമുള്ള വീടും മതിപ്പ് വിലയായ 90 ലക്ഷം രൂപയ്ക്കാണ് ലേലത്തിന് വച്ചതു.
ബാങ്ക് ഹാളിൽ നടന്ന ലേലത്തിൽ തുടക്കത്തിൽ ബാങ്ക് പ്രസിഡണ്ട് ശശിധരൻ പതിനായിരം രൂപാ കൂട്ടിവെച്ച് 90 ലക്ഷത്തിപതിനായിരത്തിന് വിളിച്ചെങ്കിലും സെയിൽ ആഫീസർ രഞ്ചു കൂടുതൽ സമയം ജനങ്ങൾക്ക് നൽകുകയും അങ്ങനെ വിളി തുടരുന്നതിന്റെ അവസാനം രണ്ടു കോടി രൂപയ്ക്ക് ബാങ്ക് തന്നെ ഈ സ്ഥലവും വീടും ലേലത്തിൽ പിടിക്കുകയും ആയിരുന്നു .
ആകെ പത്ത് വസ്തുക്കളാണ് ലേലത്തിന് വന്നത് ഇതിൽ തന്നെ രണ്ടു വസ്തു ഉടമസ്ഥർ തുക അടച്ചതിനെ തുടർന്ന് ലേല നടപടികളിൽ നിന്നും ഒഴിവായി .രണ്ടു വസ്തുക്കളുടെ ഉടമസ്ഥർ കോടതിയിൽ നിന്നും പ്രത്യേക ഉത്തരവ് വാങ്ങി;ഘട്ടം ഘട്ടമായി തുക അടയ്ക്കാനുള്ള അനുമതി വാങ്ങിയതിനാൽ ലേല നടപടികളിൽ നിന്നും ഒഴിവായി .ബാക്കിയുള്ള ആറ് വസ്തുക്കളിൽ ജോർജ് സി കാപ്പന്റെത് ഉൾപ്പെടെ 5 ലേല വസ്തുക്കൾ ബാങ്ക് തന്നെ ലേലത്തിൽ പിടിക്കുകയാണുണ്ടായത്.ബാക്കിയുള്ള ഒരു വസ്തു മാത്രം പുറത്തു നിന്നുള്ളയാൾ ലേലം കൊണ്ടു.നിക്ഷേപക സംരക്ഷണ സമിതിയുടെ പ്രവർത്തകരും ഹാളിൽ സന്നിഹിതരായിരുന്നു.