Kerala

 ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ

Posted on

ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് കോടതി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, മണ്ണഞ്ചേരി നോര്‍ത്ത് ആര്യാട് കണ്ണറുകാട് നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, തെക്കേ വെളിയില്‍ ഷാജി എന്ന പൂവത്തില്‍ ഷാജി, മുല്ലക്കല്‍ നൂറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികള്‍ . പത്താം പ്രതി മുല്ലയ്ക്കല്‍ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോടതി വിധിയില്‍ തൃപ്തരാണെന്നും അത്യപൂര്‍വമായ വിധിയാണെന്നും രണ്‍ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു. പ്രോസിക്യൂഷന് കുടുംബം നന്ദി അറിയിച്ചു. ശിക്ഷാവിധി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെയും കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നതിനായി ഇന്നത്തേക്കു മാറ്റിയത്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ചെങ്ങന്നൂര്‍, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയില്‍ സുരക്ഷ ഒരുക്കിയത്.

2021 ഡിസംബര്‍ 19 ന് രണ്‍ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷന്‍ കേസ്. ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒടുവിലത്തേതായിരുന്നു ഇത്. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആര്‍.നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന പോലെ പിന്നീട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയില്‍ കൊലപ്പെടുത്തി. അതിന്റെ പിറ്റേന്നു രാവിലെയായിരുന്നു രണ്‍ജീത് വധം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version