Kerala

പാമ്പാടിയിലെ മോഷണ പരമ്പര : യുവതിയും സുഹൃത്തും അറസ്റ്റില്‍

Posted on

പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ ജോബിറ്റ് എന്ന് വിളിക്കുന്ന അരുൺ എം.വി (31), ഇയാളുടെ സുഹൃത്തായ കടയ്ക്കാവൂർ അഞ്ചുതെങ്ങ് കടപ്പുറം ഭാഗത്ത് തെരുവത്ത് വീട്ടിൽ ( പാമ്പാടി പൊത്തൻപുറം കിളിമല ഭാഗത്ത് വാടകയ്ക്ക് ഇപ്പോൾ താമസം ) സോണിയ എന്ന് വിളിക്കുന്ന സരോജ (36) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മോഷണങ്ങൾ നടത്തുകയായിരുന്നു. ആലം പള്ളി ഭാഗത്തുള്ള മെഡിക്കൽ സ്റ്റോർ, ഹൈസ്കൂൾ, കോത്തല ഭാഗത്തുള്ള പലചരക്ക് കട, വെള്ളൂർ ഏഴാംമൈൽ ഭാഗത്തുള്ള നീതി മെഡിക്കൽ സ്റ്റോർ, സാനിറ്ററി കട, കൂരോപ്പട ഭാഗത്തുള്ള മെഡിക്കൽ സ്റ്റോർ, പലചരക്ക് കട എന്നിവിടങ്ങളിൽ ഷട്ടറിന്റെ താഴ് പൊളിച്ച് അകത്തുകടന്ന് പണവും മറ്റു സാധനങ്ങളും മോഷ്ടിക്കുകയും, കൂടാതെ റോഡരികില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ലോറി, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ബാറ്ററികളും, ഇതിനു പുറമേ വീടുപണി നടക്കുന്ന സ്ഥലങ്ങളിൽ ചെന്ന് അവിടെനിന്നും കമ്പിയും, ഇലക്ട്രിക് വയറുകളും മോഷ്ടിക്കുക എന്നിങ്ങനെ നിരവധി മോഷണങ്ങളാണ് ഇവര്‍ നടത്തിയിരുന്നത്.

സമീപത്തുള്ള ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി വിച്ഛേദിച്ച ശേഷം മോഷണം നടത്തുകയാണ് ഇവരുടെ രീതി. അടുത്തിടെയായി പാമ്പാടിയും, സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപികരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. അരുണും,പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്നായിരുന്നു മോഷണം നടത്തിയിരുന്നത്. ഇ

തിന്റെ ഗൂഢാലോചന സരോജയുടെ വീട്ടിൽ വച്ച് സരോജയും ചേർന്നായിരുന്നു നടത്തിയിരുന്നത്. നിരവധി മോഷണ മുതലുകൾ സരോജയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ മാരായ ശ്രീരംഗൻ, സുധൻ, അംഗതൻ, കോളിൻസ് എം.ബി, ജോജൻ ജോർജ്, ജോമോൻ എം തോമസ്, ഷാജി എൻ. റ്റി, എ.എസ്.ഐ മാരായ സിന്ധു, നവാസ്, മധു, സി.പി.ഓ മാരായ ജയകൃഷ്ണൻ നായർ,മഹേഷ് എസ്, സുനിൽ പി.സി, ജിബിൻ ലോബോ,അനൂപ് പി.എസ്, സുമിഷ് മാക്മില്ലൻ, അനൂപ് വി.വി, വിജയരാജ്, ശ്രീജിത്ത് കെ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version