Kerala
മണ്ടൻ മുത്തപ്പയെന്ന് ഇ കെ നായനാർ;നിങ്ങള് എന്തും പറഞ്ഞോ പക്ഷേങ്കില് ഇത്രടം വന്നിട്ട് എന്റെ വീട്ടിൽ കേറാതെ പോയാലെങ്ങനാ;ഞാൻ വിടില്ലെന്ന് എന്ന് ടി എച്ച് മുസ്തഫ
കോട്ടയം :1991 മുതൽ 1995 വരെ കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ മന്ത്രി ആയിരുന്നു ഇന്ന് വിട പറഞ്ഞ ടി എച്ച് മുസ്തഫ.തന്റെ സ്ഥൂല ശരീര പ്രകൃതികൊണ്ട് ഏറെ പരിഹാസ്യനും ആവേണ്ടി വന്നു ടി എച്ച് മുസ്തഫായ്ക്ക്.അദ്ദേഹത്തെ കുറിച്ച് ഏറെ പരിഹാസം ഉയർത്തിയത് ഇ കെ നായനാരും;ഉഴവൂർ വിജയനും ആയിരുന്നു.അതൊക്കെ ഏറെ ആസ്വദിച്ചിരുന്നത് ടി എച്ച് മുസ്തഫയും ആയിരുന്നു.മുസ്ലിം ലീഗ് നേതാവായ പി സീതിഹാജിയെ കുറിച്ച് തമാശകൾ ഇറങ്ങുമ്പോൾ അതിന്റെ ഏറ്റവും വലിയ ആസ്വാദകനും സീതിഹാജി തന്നെ ആയിരുന്നു.തണ്ണി മത്തൻ തിന്നാൻ കൊടുത്തപ്പോൾ ചുവപ്പ് കളറിലുള്ള മാംസ്യ ഭാഗം കമ്മ്യൂണിസ്റ്റ് കാരുടെ ചുവപ്പായതിനാൽ അത് തിന്നാതെ ലീഗിന്റെ പച്ചകളറുള്ള തോട് തിന്നു തീർത്തു എന്നുള്ള തമാശ കേട്ട് പത്തായക്കോടൻ സീതിഹാജി ഏറെ ചിരിച്ചു.അതുപോലെയായിരുന്നു ടി എച്ച് മുസ്തഫയും.ഒരിക്കൽ ഉഴവൂർ വിജയൻ പറഞ്ഞു.ഒരു കല്യാണത്തിന് മുസ്തഫയെ വിളിച്ചപ്പോൾ വിളമ്പുകാർ സൗകര്യാർത്ഥം ബിരിയാണി ചെമ്പോടെ മുസ്തഫായിരുന്ന മുറിയിൽ വച്ചു.തിരിച്ചു വന്ന വിളമ്പുകാർ കണ്ടത് കാലിയായ ബിരിയാണി ചെമ്പായിരുന്നു.രുചി പറ്റി കൈ വടിച്ചു നക്കിയ മുസ്തഫ വിളമ്പുകാരോട് പറഞ്ഞു ബിരിയാണി അസ്സലായിരുന്നു കേട്ടോ.ഈ തമാശ കേട്ട് ഏറെ നേരം ടി എച്ച് മുസ്തഫാ ചിരിച്ചെന്നാണ് അറിഞ്ഞത്.
1986 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള പൊതുയോഗം പെരുമ്പാവൂരുള്ള ടി എച്ച് മുസ്തഫയുടെ വീടിന്റെ സമീപത്താണ് പൊതുയോഗ വേദി.അന്ന് അവിടെ പ്രസംഗിച്ച ഇ കെ നായനാർ ടി എച്ച് മുസ്തഫയെ കണക്കിന് പരിഹസിച്ചു.ഇവിടൊരു ഭക്ഷ്യ വകുപ്പ് മന്ത്രിയുണ്ട്.മണ്ടൻ മുത്തപ്പാ .ആളെ കണ്ടാലും ഭക്ഷ്യ വകുപ്പിന് കൊള്ളാവുന്ന മന്ത്രിയാ.പത്ത് പേരുടെ ശാപ്പാട് ഒറ്റയ്ക്ക് ഇഷ്ട്ടൻ കഴിക്കും.അതാ നമ്മുടെ ചങ്ങായി കരുണാകരൻ അയാളെ പിടിച്ച് ഭക്ഷ്യ മന്ത്രി ആക്കിയത് .ഇത് കേട്ട് സിപിഎം പ്രവർത്തകരെക്കാൾ ഉച്ചത്തിൽ ചിരിച്ചത് ടി എച്ച് മുസ്തഫാ ആയിരുന്നു .അദ്ദേഹം വീടിന്റെ ഉമ്മറത്തിരുന്ന് തന്നെ കുറിച്ച് ഇ കെ നായനാർ പറയുന്നത് കേട്ട് ആസ്വദിക്കുകയായിരുന്നു .പ്രസംഗം കഴിഞ്ഞു ഇ കെ നായനാർ ഇരുന്നതും ആ വേദിയിലേക്ക് ടി എച്ച് മുസ്തഫാ കയറി വന്ന് നിങ്ങള് എന്തും പറഞ്ഞോ പക്ഷേങ്കില് ഇത്രടം വന്നിട്ട് എന്റെ വീട്ടിൽ കേറാതെ പോയാലെങ്ങനാ;ഞാൻ വിടില്ലെന്ന് എന്ന് ടി എച്ച് മുസ്തഫ .ഒടുവിൽ പൊട്ടി ചിരിച്ചു കൊണ്ട് നായനാരും .മുസ്തഫയും വീട്ടിലിരുന്ന് ചായ കുടിച്ചിട്ടാണ് പിരിഞ്ഞത് .രാഷ്ട്രീയ വൈരാഗ്യം മനസ്സിൽ സൂക്ഷിക്കാത്ത മുസ്തഫാ എറണാകുളം ജില്ലയിലാകെ കോൺഗ്രസ് വളർത്താൻ ഏറെ പാടുപെട്ട നേതാവായിരുന്നു .
1980 കളിൽ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കോൺഗ്രസ് ആന്റണി വിഭാഗംനായനരോടൊപ്പം ഭരണത്തിലായിരുന്നു . പാലായിലെ ടി ബി റോഡിലുള്ള മണർകാട് ജങ്ഷനിലെ കോൺഗ്രസ് ഐ യുടെ പൊതുയോഗത്തിൽ മുസ്തഫ പറഞ്ഞത്; ആരെയും വിശ്വസിക്കാം പക്ഷെ ആളിൽ കുറുകിയവനെ ആരും വിശ്വസിക്കരുത് എന്നായിരുന്നു .ആന്റണിയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ആളിൽ കുറുകിയവൻ മാത്രമല്ല കാൽ വിരലിനെ ക്കാളും കുറുകിയ കൈ വിരലുകൾ ഉള്ളവനാണിവൻ അതുകൊണ്ടു നിങ്ങളൊക്കെ സൂക്ഷിച്ചോ എന്നായിരുന്നു മുന്നറിയിപ്പ് .പരിഹസിക്കുന്നതിൽ ആർക്കും പിറകിലായിരുന്നില്ല ടി എച്ച് മുസ്തഫയുടെ സ്ഥാനം .നായനാര് ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ഓച്ചിറക്കാള ചിരിക്കുന്നതുപോലാ അയാടെ ചിരി .എന്നൊക്കെ പറഞ്ഞു നായനാരും ,ടി എച്ച് മുസ്തഫയും കൊണ്ടും കൊടുത്തും മുന്നേറിയിരുന്നു .
എറണാകുളം പെരുമ്പാവൂർ താലൂക്കിലെ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിനാണ് ജനനം. വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി.എച്ച്. മുസ്തഫ യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1982, 1987, 1991, 2001 എന്നീ വർഷങ്ങളിൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു.
1978ൽ കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആലുവയിൽ നിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു.
ഐഎൻടിയുസിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെപിസിസിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി. കാസർകോട്ടെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരത്തെ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ കാൽനട ജാഥയിൽ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായി പാർട്ടി നിയമിച്ചത് ടി.എച്ച്. മുസ്തഫയെ ആയിരുന്നു.
1957ൽ യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡൻറ് എന്ന നിലയിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1962ൽ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റായും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1964ൽ പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1966ൽ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായി. 1968ൽ എറണാകുളം ഡിസിസി. പ്രസിഡന്റായി ചുമതലയേറ്റു. 14 വർഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. 1978ൽ കെപിസിസി ജനറൽ സെക്രട്ടറിയായി. 1983-1997 കാലയളവിൽ കെപിസിസി വൈസ് പ്രസിഡന്റായും പ്രവർത്തനം കാഴ്ചവെച്ചു. മികച്ച പ്രാസംഗികനായും ഇദ്ദേഹം അറിയപ്പെട്ടു.മൃതദേഹം മാറമ്പള്ളിയിൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഞായറാഴ്ച വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ