Health
ഡെങ്കിപ്പനി തടയാൻ കൊതുകു കൂത്താടി ഉറവിടങ്ങൾ ഇല്ലാതാക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
കോട്ടയം: ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തിൽ ജില്ലയിൽ ചിലയിടങ്ങളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ അറിയിച്ചു. ജനുവരിയിൽ 39 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി ഇതിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി നഗരസഭയിലും പരിസരപ്രദേശങ്ങളിലുമാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഈ പ്രദേശങ്ങളിലുള്ളവർ കൊതുകു കൂത്താടി ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം
വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ, വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, എന്നിവയിൽ നിന്ന് കെട്ടിനിൽക്കുന്ന വെള്ളം അടിയന്തരമായി നീക്കണം. കുടിവെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകളിൽ കൊതുകു കടക്കാതെ സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടണം. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗം വ്യാപിക്കുന്നത് തടയും.
ആരോഗ്യ വകുപ്പിന്റെ കൊതുകുനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങി കൊതുക് നിവാരണം പ്രവർത്തങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ. പറഞ്ഞു.