Kottayam
ആംബുലൻസ് ഡ്രൈവർമാരും;പോലീസും ഒന്നിച്ചപ്പോൾ അപകടത്തിൽ പരിക്കേറ്റ 5 വയസുകാരി ഒന്നര മണിക്കൂർ കൊണ്ട് വിജയതീരമണഞ്ഞു
കട്ടപ്പന :അപകടത്തിൽ ഗുരുതര പരുക്കേറ്റ 5 വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഒന്നര മണിക്കൂർ കൊണ്ട് കട്ടപ്പനയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. ബൈക്ക് ഇടിച്ചു ഗുരുതര പരുക്കേറ്റ പുറ്റടി സ്വദേശി പ്രാർഥനയെയാണ് (അഞ്ച്) മാർ സ്ലീവാ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഉച്ചയ്ക്ക് കട്ടപ്പന -വണ്ടൻമേട് റൂട്ടിൽ മാലി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. പ്രാർഥനയും വല്യമ്മ കോതമണിയും (65)കൂടി കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.പുറ്റടി , കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാർഥനയെ വിദഗ്ദ ചികിത്സക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുക ആയിരുന്നു.
വൈകിട്ട് 5.10 ഓടെ കട്ടപ്പനയിൽ നിന്ന് ആൽഫ വൺ ആംബുലൻസിലാണ് ഇവർ പുറപ്പെട്ടത്. ഡ്രൈവർ ബിനുവും നഴ്സ് ടോമും ആണ് ആംബുലൻസ് നിയന്ത്രിച്ചത്. 6.40 ന് ആംബുലൻസ് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി. കുഞ്ഞിനെ മായി ആംബുലൻസ് പുറപ്പെടുന്ന വിവരം അറിഞ്ഞു വഴി നീളെ ആംബുലൻസ് ഡ്രൈവർമാർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശവുമായി കാത്തു നിന്നു. പൊലിസിന്റെ സേവനവും അവർക്ക് ലഭിച്ചു.