Health
കൊറോണയുടെ ആദ്യ ഘട്ടത്തിൽ ഹൈഡ്രോക്സിക്ളോറോക്വിൻ കഴിച്ച ആയിരങ്ങൾ മരിച്ചെന്നു പഠന റിപ്പോർട്ട്
വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ ആരംഭ കാലത്തു യുഎസ് പ്രസിഡന്റ്റായിരുന്ന ഡൊണാൾഡ് ട്രംപ് കോവിഡ് ചികിത്സയ്ക്കു നിർദേശിച്ച ഹൈഡ്രോക്സിക്ളോറോക്വിൻ (hydroxychloroquine) ഗുളിക കഴിച്ചു യൂറോപ്പിൽ ആയിരങ്ങൾക്കു ജീവൻ നഷ്ടമായെന്നു ഗവേഷകർ നടത്തിയ പഠനങ്ങളിൽ വെളിപ്പെട്ടതായി ‘ന്യൂസ് വീക്ക്’ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ.
മലേറിയക്കു നൽകുന്ന ഗുളിക കോവിഡിന് അത്യധികം ഫലപ്രദമാണെന്ന് ആയിരുന്നു ട്രംപിന്റെ ശുപാർശ. താൻ തന്നെ അത് കഴിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഗുളിക കോവിഡിനു ഫലപ്രദമാണെന്നു തെളിഞ്ഞിട്ടില്ല എന്നാണ് അന്നു നടത്തിയ ചെറിയ പഠനങ്ങളിൽ കണ്ടത്. 2020 മാർച്ച് 20നു പക്ഷെ യുഎസിൽ എഫ് ഡി എ അടിയന്തര അനുമതി നൽകി. ക്ലിനിക്കൽ ട്രയലും തുടങ്ങി.
പിന്നീട് നടത്തിയ കുറേക്കൂടി വലിയ പഠനങ്ങളിൽ മരുന്നിന് കോവിഡ് നിയന്ത്രിക്കാൻ കഴിയില്ലെന്നു കണ്ടെത്തി. മരണ സാധ്യത ഗണ്യമായി വര്ധിക്കുന്നുവെന്നും. അതോടെ 2020 ജൂൺ 15 നു എഫ് ഡി എ അംഗീകാരം പിൻവലിച്ചു.എന്നാൽ യൂറോപ്പിൽ യുഎസ് പ്രസിഡന്റിന്റെ നിർദേശം കേട്ടവർ കെണിയിലായി. മരിച്ച 16,990 പേരിൽ 12,379 പേർ യുഎസിൽ നിന്നുള്ളവർ ആയിരുന്നു.
ഫ്രഞ്ച് ഗവേഷകർ നടത്തിയ പഠനത്തിലാണ് ആറു രാജ്യങ്ങളിലായി 16,990 പേർ കോവിഡിനു ഹൈഡ്രോക്സിക്ളോറോക്വിൻ കഴിച്ചതു കൊണ്ടു മരണമടഞ്ഞുവെന്നു കണ്ടെത്തിയത്. ആശുപത്രികളിൽ ആദ്യ തരംഗത്തിൽ എത്തിയവരാണ് ഇവർ.ഫെബ്രുവരി ലക്കം ബയോമെഡിസിൻ & ഫാർമക്കോതെറാപ്പി ആണ് പഠന ഫലങ്ങൾ പുറത്തു വിട്ടത്. മരിച്ചവരെല്ലാം 2020 മാർച്ച് മുതൽ ജൂലൈ വരെ ആശുപത്രികളിൽ എത്തിയവരാണ്.
മരണമുണ്ടായ രാജ്യങ്ങൾ: ഫ്രാൻസ്, ബെൽജിയം, ഇറ്റലി, സ്പെയിൻ, തുർക്കി.സ്പെയിനിൽ 1,895 പേർ മരിച്ചു. ഇറ്റലി 1,822, ബെൽജിയം 240, ഫ്രാൻസ് 199.മരുന്നിന്റെ മാരകഫലം അധികവും ഹൃദയത്തെ ബാധിച്ചതു മൂലം ഉണ്ടായതാണ്.