Politics
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയാര്..? ഫൈനൽ റൗണ്ടിൽ ഫ്രാൻസിസ് ജോര്ജും ;എം പി ജോസഫും
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ചുള്ള ഏകദേശം രൂപമായെങ്കിലും യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ള കോട്ടയം സീറ്റിന്റെ കാര്യത്തിലുള്ള സ്ഥാനാർത്ഥ നിർണ്ണയം അനിശ്ചിതമായി തുടരുകയാണ് .ജോസഫ് ഗ്രൂപ്പിലെ രണ്ട് ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് സ്ഥാനാർത്ഥിത്വം നീണ്ടു പോകുന്നതെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലത്തിൽ കണ്ണൂരിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ മത്സരിക്കുമോ എന്നുള്ള കാര്യത്തിൽ മാത്രമാണ് ആശങ്ക നിലവിലുള്ളത് .അദ്ദേഹം ചികിത്സാർത്ഥം ഇപ്പോൾ അമേരിക്കയിലുമാണ്.ലീഗിന്റെ രണ്ടു മണ്ഡലങ്ങളിലും ;ആർ എസ് പി യുടെ കൊല്ലത്തും നിലവിലുള്ളവർ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട് .കൊല്ലത്ത് എം കെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ ഒരു തവണ വാഹന പ്രചാരണ ജാഥാ നടത്തിയും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.ഇന്ത്യ മുന്നണിയുടെ നേതാവ് എന്ന നിലയിൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലൂടെയും ശ്രദ്ധേയനാണ് .
അവസാനം കോട്ടയം മാത്രമാണ് സ്ഥാനാർത്ഥിയാരെന്നറിയാതെ ഇരുട്ടിൽ തപ്പുന്നത്.ജോസഫ് ഗ്രൂപ്പിന്റെ ഉള്പിരിവുകളിൽ തട്ടിയാണ് ഇപ്പോളും സ്ഥാനാർഥി ആരെന്നുള്ളത് നീണ്ടു പോകുന്നത് .ഒരു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി വന്നിട്ടുള്ള കെ എം മാണിയുടെ മൂത്ത മകൾ സാലിയുടെ ഭർത്താവ് എം പി ജോസഫ് മണ്ഡലത്തിൽ സുപരിചിതനല്ല എന്നുള്ള ന്യൂനതയാണ് യു ഡി എഫ് കേന്ദ്രങ്ങളും ;കോൺഗ്രസ് കേന്ദ്രങ്ങളും ചൂണ്ടി കാട്ടുന്നത് .എന്നാൽ ജോസഫ് ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി രംഗത്തുള്ള കെ ഫ്രാൻസിസ് ജോർജ് കോട്ടയം മണ്ഡലത്തിൽ മാത്രമല്ല കേരളത്തിലാകെ സുപരിചിതനാണ് .
കോട്ടയം മണ്ഡലത്തിന്റെ പ്രത്യേകത എന്നൊക്കെ യു ഡി എഫ് കേന്ദ്രങ്ങളിൽ അലസത വന്നിട്ടുണ്ടോ അന്നൊക്കെ യു ഡി എഫിനെ തോൽപ്പിച്ച് എൽ ഡി എഫ് വിജയിച്ചിട്ടുമുണ്ട് .കെ സുരേഷ് കുറുപ്പിലൂടെ 1984 ൽ കോട്ടയം മണ്ഡലം എൽ ഡി എഫ് നേടിയത് തന്നെ സ്‌കറിയ തോമസ് എന്ന ദുർബലനായ സ്ഥാനാർഥി വന്നപ്പോൾ യു ഡി എഫ് കേന്ദ്രങ്ങളിലുണ്ടായ വോട്ടു ചോർച്ചയിലൂടെയാണ് കരുത്തനായ കെ സുരേഷ് കുറുപ്പ് അന്ന് വിജയിച്ചത്.അന്ന് ഇന്ദിര തരംഗത്തെ അതിജീവിച്ച് എൽ ഡി എഫിന്റെ മൂന്നു സ്ഥാനാര്ഥികളാണ് വിജയിച്ചത് .കോട്ടയത്ത് സുരേഷ് കുറുപ്പും;മാവേലിക്കരയിൽ തമ്പാൻ തോമസും;വടകരയിൽ കെ പി ഉണ്ണികൃഷ്ണനും.
അന്ന് സ്കറിയാ തോമസിനോട് മത്സരത്തിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തത് .സുരേഷ് കുറുപ്പിനെ നേരിടാൻ സ്കറിയാ പോരാ എന്ന് പറഞ്ഞവരോടൊക്കെ സ്‌കറിയ തോമസ് തട്ടിക്കയറി.അന്ന് കെ എം മാണിയുടെ ഏറ്റവും വിശ്വസ്തനായ സ്കറിയാ തോമസിനെ വിമർശിക്കാൻ അധികമാരും കൂട്ടാക്കിയില്ല.ഫലം വന്നപ്പോൾ കോട്ടയം സീറ്റിൽ സുരേഷ് കുറുപ്പ് വിജയക്കൊടി പാറിച്ചു .തുടർന്ന് കെ സുരേഷ് കുറുപ്പിനെ കെട്ടുകെട്ടിക്കാൻ 1989 ൽ രമേശ് ചെന്നിത്തലയെ തന്നെ യു ഡി എഫ് രംഗത്തിറക്കി .കോട്ടയം എന്ന കോട്ട യു ഡി എഫ് കാത്തു.
1991 ലും .1996 ലും രമേശ് ജി കോട്ടയത്തിന്റെ കോട്ട കാത്തപ്പോൾ;1998 ൽ രമേശ് ചെന്നിത്തലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്വാസം നഷ്ട്ടപ്പെട്ടു അങ്ങനെ സുരേഷ് കുറുപ്പ് വീണ്ടും കോട്ടയത്തിന്റെ അമരക്കാരനായി .അന്ന് ഡി സി സി ഭാരവാഹികൾ പോലും ചെന്നിത്തലയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ഉണ്ടായിരുന്നില്ല .ചെന്നിത്തല പ്രവർത്തകരിൽ നിന്നും അകന്നെന്നായിരുന്നു അന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറഞ്ഞത് .2004 സുരേഷ് കുറുപ്പ് ആന്റോ ആന്റണിയെ തോൽപ്പിച്ച് മണ്ഡലം നില നിർത്തി .എന്നാൽ 2009 ൽ ജോസ് ൽ മാണി വന്നപ്പോൾ കുറുപ്പും അടിയറവ് പറഞ്ഞു .2014 ലും ജോസ് കെ മാണി തന്നെ വിജയക്കൊടി പാറിച്ചു .ഇത്തവണ തോൽക്കാനുള്ള നിയോഗം മാത്യു ടി തോമസിനായിരുന്നു .2019 ൽ യു ഡി എഫ് ബാനറിൽ തോമസ് ചാഴികാടനാണ് വി എൻ വാസവനെ തോൽപ്പിച്ചത് .
എന്നും ജനാധിപത്യ കോട്ടയാണ് കോട്ടയം എങ്കിലും ചുഴികളും ,മലരികളും ധാരാളമുണ്ട് ആ കോട്ടയിൽ അങ്ങനെയാണ് മൂന്നു തവണ തുടർച്ചയായി വിജയിച്ച രമേശ് ചെന്നിത്തല പോലും കാലിടറി വീണത് . ഫ്രാൻസിസ് ജോർജാണ് സ്ഥാനാര്ഥിയെങ്കിൽ വിജയമുറപ്പാണെന്നു കോൺഗ്രസിന്റെ പ്രവർത്തകർ തന്നെ പറയുന്നു .പുതുപ്പള്ളിയിലുള്ള കോൺഗ്രസ് പ്രവർത്തകർ ഫ്രാൻസിസ് ജോർജിനെ നേരിട്ട് വിളിച്ച് മരണ വീടുകളിൽ സന്ദർശനം നടത്തിച്ചത് അദ്ദേഹത്തിനുള്ള സ്വീകാര്യതയാണ് വെളിവാക്കുന്നത് .
സുരേഷ് കുറുപ്പും;ഫ്രാൻസിസ് ജോര്ജും ഒന്നിച്ച് ലോക്സഭയിൽ ഉണ്ടായിരുന്ന കാലത്തേ കുറിച്ച് കുറുപ്പ് സമകാലീകരോട് സംസാരിച്ചിരിക്കുമ്പോൾ പറഞ്ഞു ഒരു വിഷയത്തെ സംബന്ധിച്ച് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്ര ഭാഷ ശുദ്ധിയോടെയും.അനവധാനതയോടെയും സഭയിൽ അവതരിപ്പിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ഫ്രാൻസിസ് ജോർജ്.ഒരു എം പി മറ്റൊരു എം പിയെ കുറിച്ച് നന്നെന്നു പറയാത്ത ഇക്കാലത്താണ് സുരേഷ് കുറുപ്പ് ഈയിടെ പഴയ വിദ്യാർത്ഥി നേതാക്കളോട് ഇങ്ങനെ പറഞ്ഞത്.
അതെ സമയം സീറ്റിനായി മോഹിച്ചിരുന്ന പി സി തോമസ് എം പി ;സജി മഞ്ഞക്കടമ്പൻ എന്നിവരോട് തൊടുപുഴ കേന്ദ്രങ്ങൾ മറ്റൊരു പാക്കേജ് അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.ഏതായാലും യു ഡി എഫിന്റെ 19 സീറ്റിൽ സ്ഥാനാർത്ഥി നിര്ണയമായിട്ടും ; സ്ഥാനാർഥി നിര്ണയമാകാത്ത കോട്ടയത്ത് ഫൈനലിൽ ഫ്രാൻസിസ് ജോര്ജും ;എം പി ജോസഫും സ്ഥാനാര്ഥിത്വത്തിന് അടുത്തെത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജനുവരി പകുതിയോടെ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ കേരളത്തിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ