Kottayam
കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ഗുരുധർമ്മ പ്രചരണ സഭ ജാതി നാശിനി യാത്ര നടത്തും

ശിവഗിരി : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭ 17 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ജാതി നാശിനി യാത്ര നടത്തും.
ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നിയമിച്ച ഈഴവ സമുദായക്കാരനായ കഴകം ജീവനക്കാരനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ഇയാളെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്ത തന്ത്രിമാർ അയിത്താചരണത്തെ പുന:സ്ഥാപിക്കുകയാണ് ചെയ്തത്. ദേവസ്വം ഭരണസമിതിയും ഈ കിരാത നടപടിക്ക് കൂട്ടുനിന്നു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജാതി ഇന്നും കൊടികുത്തിവാഴുകയാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കാനുള്ള ദേവസ്വം ഭരണസമിതിയുടെയും തന്ത്രിമാരുടെയും നീക്കത്തിനെതിരെയാണ് ഗുരുധർമ്മ പ്രചരണ സഭ ജാതി നാശിനി യാത്ര നടത്തുന്നത്. ഈ യാത്രയിൽ പങ്കെടുക്കുവാൻ ഗുരുദർശന വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമികൾ യാത്ര ഉദ്ഘാടനം ചെയ്യും. സഭ കേന്ദ്ര സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ, അംബികാനന്ദസ്വാമികൾ, അദ്വൈതാ നന്ദ തീർത്ഥ സ്വാമികൾ, ദിവ്യാനന്ദഗിരി സ്വാമികൾ,രജിസ്ടാർ കെ.ടി. സുകുമാരൻ, ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഓ. ഡോ.റ്റി. സനൽകുമാർ, ജോ: രജിസ്റ്റാർ പുത്തൂർ ശോഭന ൻ , കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് എന്നിവർ പ്രസംഗിക്കും.