Kerala
ലീവ് നൽകാത്തതിൽ പ്രതിഷേധിച്ച് പരിഹാസ രൂപത്തിൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗാനം ഇട്ട എസ്ഐയ്ക്ക് സ്ഥലം മാറ്റം

എലത്തൂർ :ലീവ് നൽകാത്തതിൽ പ്രതിഷേധിച്ച് പരിഹാസ രൂപത്തിൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗാനം ഇട്ട എസ്ഐയ്ക്ക് സ്ഥലം മാറ്റം. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെയാണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.’പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിൽ ഇടമില്ല’ എന്ന പ്രശസ്‌തമായ ഗാനമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ പങ്കുവച്ചത്. അവധി നൽകാത്ത മേലുദ്യോഗസ്ഥനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് പോസ്‌റ്റ് എന്ന് കണക്കാക്കിയാണ് എസ്ഐയെ സ്ഥലം മാറ്റിയത്.
കഴിഞ്ഞ മാസം 25നാണ് എസ്‌ഐ ഈ ഗാനം വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഇട്ടത്. ഗാനം ഗ്രൂപ്പിൽ ഇട്ടതിന് പുറമേ ഇതിന് താഴെ, ‘ഈ സംഭവങ്ങൾക്ക് എലത്തൂർ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതി ചേർത്തു. ഇതോടെയാണ് അന്വേഷണവും നടപടിയും ഉണ്ടായത്. എലത്തൂർ ഓഫീഷ്യൽസ് എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. എന്നാൽ എസ്ഐ ഈ ഗ്രൂപ്പിന്റെ പേര് എലത്തൂർ ടീംസ് എന്നാക്കി. ഇതിനെതിരെയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.