Kerala
ഓട്ടോ ചേട്ടന്മാർ കാരുണ്യ വഴിയിലും കൈവച്ച് മുന്നോട്ട് :അമ്മയ്ക്കും മകനും കിടപ്പാടമൊരുക്കാൻ പെടാപാടുപെട്ട് പാലായിലെ ഓട്ടോ കൂട്ടം
പാലാ :പാലായിലെ ഓട്ടോ ചേട്ടന്മാർ പാലാ അമലോത്ഭവ ജൂബിലി പെരുന്നാളിന് പഞ്ചാരി മേളമൊരുക്കി പരിശുദ്ധ അമ്മയ്ക്ക് അർച്ചനയൊരുക്കിയത് വാർത്തയായിരുന്നു.ഇടുക്കിയിലെ 25 ഓളം കലാകാരന്മാരാണ് അന്ന് പാലായിൽ വന്നു ശിങ്കാരി മേളം അവതരിപ്പിച്ചു കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിയെടുത്തത്.അത് പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിനും ഇഷ്ട്ടപ്പെട്ടു.അദ്ദേഹം ഇപ്രാവശ്യത്തെ ക്രിസ്തുമസ് ഓട്ടോക്കാരോടൊപ്പം ആഘോഷിക്കാനും സന്മനസ് കാണിച്ചു.ളാലത്തപ്പന്റെ ഉത്സവത്തിനും ഇവർ പഞ്ചാരിമേളം ഒരുക്കിയത് മതമൈത്രി സന്ദേശമാണ് പൊതു സമൂഹത്തിനു നൽകിയത്.
തീർന്നില്ല പാലാ ടിബി റോഡ് ബ്ലൂമൂൺ ജം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവരുടെ പൊതു പ്രവർത്തനം.അവരുടെ പ്രവർത്തനങ്ങൾ ഇപ്പോൾ കാരുണ്യ വഴികളിലേക്കും നീങ്ങുകയാണ്. ബിനു ഇ കെ ഇടക്കാവിൽ, രാജീവ് കണ്ടത്തിൽ, ടിനു തകിടിയേൽ, സാജൻ പുത്തൻപറമ്പിൽ സഹപ്രവർത്തക മേരി തമ്പി തുടങ്ങിയവർ ഒത്തു കൂടിയപ്പോഴാണ് വീടില്ലാത്ത ഒരു അമ്മയുടെയും മകന്റെയും കഥന കഥ മേരി തമ്പി അവതരിപ്പിച്ചത് .വാടക വീട്ടിൽ താമസിച്ച തയ്യൽ തൊഴിലാളിയായ അമ്മയ്ക്ക് മിച്ചം പിടിക്കാൻ ഒന്നുമില്ലായിരുന്നു .അവരുടെ ദൈന്യതയിൽ കണ്ണീരൊഴുക്കാൻ ഈ ഓട്ടോ കൂട്ടം തയ്യാറായില്ല .ആ അമ്മയ്ക്കും മകനും ദാരിദ്ര്യത്തിൽ നിന്നും ഒരു മോചനമാണ് ഓട്ടോ ചേട്ടന്മാർ ആഗ്രഹിച്ചത് .
ഉടൻ തന്നെ അവരുടെ നാണയത്തുട്ടുകൾ ശേഖരണം തുടങ്ങി.സുമനസുകളുടെ നന്മയുടെ കരങ്ങൾ ഒന്നിച്ചപ്പോൾ ഒരു തുകയായി .അത് സ്വരൂകൂട്ടി ആറ് സെന്റ് സ്ഥലം ചൂണ്ടച്ചേരിയിൽ വാങ്ങി.ഇനി 600 സമചതുര അടിയുടെ ഒരു വീട് പണിയണം.അതിനു ഇന്ന് രാവിലെ വേഴങ്ങാനം പള്ളി വികാരി കുറ്റിയിടിച്ച് പ്രവർത്തന ആരംഭം കുറിച്ചു.അതിനുള്ള വിഭവ ശേഖരണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ ഓട്ടോ ചേട്ടന്മാർ.അതിനുള്ള വഴി ദൈവം കാണിച്ചു തരുമെന്നാണ് ടിനു തകിടിയേൽ (9526617031) കോട്ടയം മീഡിയയോട് പറഞ്ഞത് .
ഓട്ടോക്കാരേ കുറിച്ച് പരാതികളാണ് പൊതു സമൂഹത്തിനു പറയാനുള്ളതെങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്ത പാത തേടി കാരുണ്യത്തിന്റെ വഴിത്താരകളിലെ ഏകാന്ത പഥികരാവുകയാണ് ഈ ഓട്ടോ ചേട്ടന്മാർ.തങ്ങളുടെ ഇല്ലായ്മകളല്ല ഇവരെ നയിക്കുന്നത്.ഞങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് ആലംബ ഹീനർക്കു ആശ്രയമാവുകയാണ് ഈ ഓട്ടോ കൂട്ടം .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ