Kerala
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്. ഫാ.ഡൊമിനിക് വാളന്മനാൽ
പാലാ :ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
വിശുദ്ധി എന്ന പുണ്യം തലമുറയെ അനുഗ്രഹിക്കും. നമ്മുടെ വസ്ത്ര ധരണത്തിലും നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണത്തിൻ്റെ ആവശ്യകതയും വിശുദ്ധി പാലിക്കാൻ ഏറ്റവും അടിസ്ഥാനമാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തലമുറയെ നശിപ്പിക്കും എന്നും ഡൊമിനിക് അച്ചൻ കൂട്ടിച്ചേർത്തു.