Kerala
വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാൻ ശ്രദ്ധിക്കണം: വോട്ടർ പട്ടിക നിരീക്ഷകൻ:ജനുവരി ആറിന് തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും
കോട്ടയം: വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാൻ അതീവ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വോട്ടർ പട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ. ജനുവരി ആറിന് തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ഒഴിവാക്കലും കൂട്ടിച്ചേർക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. മരിച്ചവരെ ഒഴിവാക്കാനും 18 വയസ് തികഞ്ഞവരെ ചേർക്കാനും രാഷ്ട്രീയ പാർട്ടികളുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 24 വരെയാണ് ഇതിനുള്ള സമയം. ബൂത്തുതലത്തിൽ പുതുതായി ചേർക്കാനുള്ളവരുടെയും നീക്കം ചെയ്യാനുള്ളവരുടെയും അപേക്ഷകളിന്മേലുള്ള പുരോഗതി യോഗം വിലയിരുത്തി.
തിരക്ക് കൂടുതലുള്ള ബൂത്തുകളിൽ ഓക്‌സിലറി ബൂത്തുകൾ സ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി. മനോജ്, സോളി ആന്റണി, കെ. ഉഷ ബിന്ദുമോൾ, ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹാദേവർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോഷി ഫിലിപ്പ്, സി.എൻ. സത്യനേശൻ, മോഹൻ ചേന്നംകുളം, ഫാറൂഖ് പാലപ്പറമ്പിൽ, എസ്. രാജീവ്, രഞ്ജു തോമസ് എന്നിവർ പങ്കെടുത്തു.