കോട്ടയം: കിടപ്പാടങ്ങൾ പുഴയെടുക്കുമെന്ന പേടിയില്ലാതെ ഇനി ഷൈലയ്ക്കും ബിന്ദുവിനും ഉറങ്ങാം. പുഴയിലേയ്ക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തികെട്ടാൻ തുക അനുവദിച്ച് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത കരുതലും കൈത്താങ്ങും മീനച്ചിൽ താലൂക്ക് പരാതിപരിഹാര അദാലത്ത്.
ഈരാറ്റുപേട്ട തലപ്പുലം ആറാം മൈൽ ഇടത്തംകുന്നേൽ പി. ഷൈലയുടെ വീടിരിക്കുന്ന ഭാഗം മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി. മുൻപ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ ഇതുവരെ തുകയൊന്നും ലഭിക്കാത്തതിനാലാണ് അദാലത്തിൽ പരാതി നൽകിയത്. പരാതി പരിശോധിച്ച ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അടിയന്തരമായി 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. നിറ കണ്ണുകളോടെയാണ് ഷൈലയ്ക്കു വേണ്ടി അദാലത്തിൽ ഹാജരായ ഭർത്താവ് കുഞ്ഞുകുട്ടൻ മന്ത്രിയുടെ വാക്കുകൾ കേട്ടത്.
കടനാട് പഞ്ചായത്തിലെ 11-ാം വാർഡിൽ ചിറയിൽ പുത്തൻ വീട്ടിൽ സി.എം. ബിന്ദുവിന്റെ വീട് കടനാട് ചെക്ക്ഡാമിന്റെ കരയിലാണ്. ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിന്റെ കൂടെ വെള്ളപ്പൊക്കം കൂടിയുണ്ടാകുമ്പോൾ തീരം ഇടിയുന്നത് പതിവായി. വീടിനോടു ചേർന്നുള്ള സെപ്റ്റിക് ടാങ്ക് ഏതു നിമിഷവും പുഴയെടുക്കാവുന്ന അവസ്ഥയിലുമാണ്. അദാലത്തിൽ പരാതി നൽകിയ ബിന്ദുവിന് സംരക്ഷണ ഭിത്തികെട്ടാൻ 12 ലക്ഷം രൂപയാണ് അനുവദിച്ചത്.
കാര്യമായ ഉപജീവനമാർഗമില്ലാത്ത ബിന്ദുവിനും രണ്ടു കുട്ടികൾക്കും അദാലത്ത് നൽകിയ ആശ്വാസം ചെറുതല്ല. ബിന്ദു ചായക്കട നടത്തിയാണ് കോവിഡ് കാലം വരെ കഴിഞ്ഞിരുന്നത്. അതിനു ശേഷം കട നടത്താനായില്ല. വീട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരുന്ന തനിക്ക് ഇപ്പോൾ കിട്ടിയ സഹായം വലിയ ആശ്വാസമാണെന്ന് ബിന്ദു പറഞ്ഞു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിക്കൊപ്പമാണ് ബിന്ദു അദാലത്തിനെത്തിയത്.
മുൻഗണനാ റേഷൻ കാർഡ് ലഭിച്ച
ആഹ്ളാദത്തിൽ 10 കുടുംബങ്ങൾ
കോട്ടയം: കാത്തിരിപ്പിനൊടുവിൽ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ അനുവദിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മീനച്ചൽ താലൂക്കിലെ 10 കുടുംബങ്ങൾ. പലരും രോഗപീഡയാൽ വലയുന്നവർ, ചിലർ കാൻസറിനെ അതിജീവിച്ചവർ. സംസ്ഥാന സർക്കാറിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ താലൂക്ക്തല അദാലത്തിലാണ് മന്ത്രിമാരായ വി. എൻ. വാസവനും റോഷി അഗസ്റ്റിനും എ.എ.വൈ., പി.എച്ച്.എച്ച്. മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തത്. എഴാച്ചേരി രാമപുരം തെക്കേപ്പറമ്പിൽ തങ്കമ്മ തങ്കൻ, ഉഴവൂർ മോനിപ്പള്ളി പാരിപ്പള്ളിൽ നിഷാ മനോജ്, മേലുകാവ് പയസ് മൗണ്ട് വടക്കെമുളഞ്ഞനാൽ ചിന്നമ്മ മാത്യു, തലപ്പലം കടുവാമുഴി പാലത്തിനാൽ ഏലിക്കുട്ടി, ഈരാറ്റുപേട്ട നടക്കൽ പേകംപറമ്പിൽ ലൈല എന്നിവർക്കാണ് പി.എച്ച്.എച്ച്. വിഭാഗത്തിൽപ്പെട്ട കാർഡുകൾ ലഭിച്ചത്.
മൂന്നിലവ് വെള്ളം പത്താഴപുരയ്ക്കൽ സെലീനാമ്മ, കുറവിലങ്ങാട് പകലോമറ്റം പുല്ലുകാലായിൽ സനുമോൾ, തലനാട് അടുക്കം മുണ്ടപ്ലാക്കൽ എം.ജെ. പൗലോസ്, മേലുകാവ് ഇരുമാപ്രമറ്റം വടക്കേടത്ത് പ്രിയ, മേലുകാവ് കാനപ്പശ്ശേരിൽ ജോൺ ചാക്കോ എന്നിവർ എ.എ.വൈ വിഭാത്തിൽപ്പെട്ട കാർഡുകൾ ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷവും നന്ദിയും പങ്കുവച്ചാണ് കുടുംബങ്ങൾ അദാലത്തിൽ നിന്നു മടങ്ങിയത്.