Kerala
ആത്മാവിൽ കുരിശും ഹൃദയത്തിൽ താമരയുമാണുള്ളത്: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പാലാ: ആത്മാവിൽ കുരിശും ഹൃദയത്തിൽ താമരയുമാണുള്ളതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ഭരണഘടനയിലുള്ള വിശ്വാസം മുനമ്പം വിഷയത്തിന് പരിഹാരമാകും. തൊട്ടുവിശ്വസിപ്പിച്ച ക്രിസ്തുവിനെപ്പോലെ എല്ലാ രാഷ്ട്രീയക്കാരും തങ്ങളെ തൊട്ടുവിശ്വസിപ്പിക്കണം. വിശ്വാസവും ആശയവും ഒരേപോലെ സംരക്ഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ടായിരം വർഷം പിന്നിട്ടിട്ടും ക്രൈസ്തവർ മൈക്രോസ്കോപ്പിക്ക് മൈനോരിറ്റിയായി നിൽക്കുന്നു. മുനമ്പം ജനങ്ങളുടെ സാഹചര്യം നമ്മെ വേദനിപ്പിക്കുന്നു. മതത്തിന്റെ പേരിൽ വിവേചനം ഇല്ലെന്ന് പറയുമ്പോളും ദളിത് ക്രൈസ്തവർ മതത്തിന്റെ പേരിൽ അവഗണിക്കപ്പെടുന്നു. രാഷ്ട്രനിർമ്മിതിയിൽ ക്രൈസ്തവർ മുൻനിരയിലാണെന്നും ഈ ദൗത്യം തുടരുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.സിനാത്മകത ഏറെ വലുതാണെന്നും രാജ്യത്തിനായി എന്തുചെയ്യാനാകുമെന്ന് സമ്മേളനം ചർച്ചചെയ്യണമെന്ന് മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
ബംഗളുരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, സിസിഐ സെക്രട്ടറി ഫാ. എ.ഇ രാജു അലക്സ്, എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, മാണി സി. കാപ്പൻ എംഎൽഎ, സിഐർഐ ദേശീയ സെക്രട്ടറി സിസ്റ്റർ എത്സ മുട്ടത്ത്, സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവലിയർ അഡ്വ. വി. സി സെബാസ്റ്റ്യൻ, സിസിഐ വൈസ് പ്രസിഡന്റ് ക്ലാര ഫെർണാണ്ടസ്, സിസിഐ വൈസ് പ്രസിഡന്റ് ഡോ. ആന്റോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. സമ്മേളനം 17ന് സമാപിക്കും.