Kerala

തൊമ്മൻകുത്തിലെ മലവെള്ള പാച്ചിലിൽ കുടുങ്ങിയ ചെറുപ്പക്കാരെ നാട്ടുകാരും വനം വകുപ്പും ചേർന്ന് രക്ഷപെടുത്തി

Posted on

ഇടുക്കി: മലവെള്ളത്തില്‍ തൊമ്മൻകുത്ത് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു. പുഴയുടെ നടുക്കുള്ള വലിയപാറയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. അവധിദിവസമായതിനാല്‍ നിരവധി സഞ്ചാരികള്‍ തൊടുപുഴയ്ക്കടുത്തുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു.അധികം വെള്ളമില്ലാഞ്ഞതിനാല്‍ സഞ്ചാരികള്‍ പുഴയിലിറങ്ങി. വൈകീട്ടോടെ തൊമ്മൻകുത്തിനുമുകളില്‍ മക്കുവള്ളിയില്‍ ശക്തമായ മഴ പെയ്തു. തൊമ്മൻകുത്തിലും മഴ പെയ്തു.

പുഴയില്‍ വെള്ളമുയരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ വിനോദസഞ്ചാരികളോട് പറഞ്ഞു. എന്നാല്‍, പലരും മാറുംമുൻപുതന്നെ മലവെള്ളം പുഴയിലൂടെ കുതിച്ചെത്തുകയായിരുന്നു. തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിക്കും യുവാവിനുമാണ് കരയിലേക്ക് കയറാൻ കഴിയാതെപോയത്.

തുടർന്ന് ഗൈഡുകള്‍ കയറും ഗോവണിയും അടുത്തുള്ള മരത്തില്‍ കെട്ടി പാറയിലേക്ക് എറിഞ്ഞു. ഒന്നുരണ്ടുപേർ പാറയിലെത്തി ഇവരെ മരത്തിലൂടെയാണ് കരയിലേക്കിറക്കിയത്.അപകടമുണ്ടായാല്‍ രക്ഷാപ്രവർത്തനത്തിനുവേണ്ട സംവിധാനങ്ങളൊന്നും തൊമ്മൻകുത്തില്‍ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. വനസംരക്ഷണസമിതി യോഗത്തില്‍ പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version