Kerala
പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ തീക്കോയി സ്വദേശിയായ കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ
ഗാന്ധിനഗർ : വീട്ടിൽ കയറി പണവും, മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, നടക്കൽ ആണിയളപ്പ് ഭാഗത്ത് മുണ്ടക്കപ്പറമ്പിൽ വീട്ടിൽ കള്ളൻ ഫൈസൽ എന്ന് വിളിക്കുന്ന മുഹമ്മദ് ഫൈസൽ എം.പി (45) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പെരുമ്പായിക്കാട് ഭാഗത്തുള്ള വീടിന്റെ ജനൽ തകർത്ത് അകത്തുകയറി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും,മൊബൈൽ ഫോണും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ അനുരാജ്, സിബിമോൻ, എ.എസ്. ഐ സൂരജ്, സി.പി.ഓ മാരായ ഷാമോൻ, നവീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ രാമപുരം, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ്, ഗാന്ധിനഗർ,കോട്ടയം വെസ്റ്റ്, പാലാരിവട്ടം, തൊടുപുഴ, മരട് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.