Kottayam
രക്തം നൽകുക എന്നാൽ ജീവൻ നൽകുക എന്നാണ്; ഷിബു അക്കാര്യത്തിൽ മാതൃകയെന്ന് ജോസ് കെ മാണി :ഷിബു തെക്കേമറ്റം ഒരു വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനം തന്നെയെന്ന് മാണി സി കാപ്പൻ
പാലാ:രക്തം നല്കുകയെന്നാൽ ജീവൻ നൽകുക എന്നതാണെന്നും ഷിബു തെക്കേമറ്റം അക്കാര്യത്തില് അനുകരണീയ മാതൃകയെന്നും ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.ഷിബു തെക്കേമറ്റം ഒരു വ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമാണെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടക്കുന്നതിനു മുന്നോടിയായുള്ള പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജന നേതാക്കൾ .
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ 125-ാമത് രക്തദാനത്തോട് അനുബന്ധിച്ച് നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ.പി.എസും സിനി ആർട്ടിസ്റ്റും മോഡലുമായ ട്രിനിറ്റി എലിസാ പ്രകാശും രക്തം ദാനം ചെയ്തു .
വർഷം തോറും ഒക്ടോബര് 1 ദേശീയ രക്തദാന ദിനമായി ആചരിച്ചുവരുന്നു. അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനാചരണം അവസരമൊരുക്കുന്നു. “രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
പ്രസവം, റോഡപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ശസ്തക്രിയകൾ തിടങ്ങിയവക്കും കാൻസർ, ഡെങ്കിപ്പനി, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗങ്ങൾക്കും ജീവൻ നിലനിർത്തുനനത്തിനു പലപ്പോഴും രക്തം അത്യന്താപേക്ഷിതമാണ്. ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെകിലും ഇത്തരം ഒരു ആവശ്യം വന്നേക്കാം. ആഘട്ടത്തിൽ സുരക്ഷിതമായ രക്തം ലഭ്യമാക്കാൻ സന്നദ്ധ രക്തദാനം കൂടിയേതീരൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം. സുരക്ഷിത രക്തം ഉറപ്പാക്കുന്നതിന് സംസ്ഥാന രക്ത ചംക്രമണ കൗൺസിലിന്റെ നേതൃത്വത്തിൽ രക്തബാങ്കുകളെ കോർത്തിണക്കിക്കൊണ്ട് ശക്തമായ പ്രവർത്തനം നടന്നുവരുന്നു.
പാലാ ടൗൺ ഹാളിൽ നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുവജങ്ങൾ രക്തം ദാനം ചെയ്തു .ക്യാമ്പിന് കോട്ടയം ജനറൽ ആശുപത്രി, മരിയൻ മെഡിക്കൽ സെന്റർ, കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ, ഭരണങ്ങാനം ഐ എച്ച് എം ആശുപത്രി എന്നിവർ നേതൃത്വം നൽകി .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ,പാലാ ഡി.വൈ.എസ്.പി കെ സദൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ, നിർമ്മലാ ജിമ്മി ;ഷാജു തുരുത്തൻ ;ബൈജു കൊല്ലംപറമ്പിൽ .ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു.