India

കോൺഗ്രസിൻ്റെ വഞ്ചന: കേരളാകോൺഗ്രസ് മുന്നിലവ് മണ്ഡലം പ്രസിഡൻ്റ് ജോയിച്ചൻ കുന്നയ്ക്കാട്ട് രാജിവച്ചു

Posted on

 

കോട്ടയം: മൂന്നിലവ്: കേരളാകോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡണ്ട്  ജോയിച്ചൻ കുന്നക്കാട്ട് തൽസ്ഥാനം രാജിവച്ചു.ഈ മാസമാദ്യം മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസിനേറ്റ രാഷ്ട്രീയ തിരിച്ചടിയുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജി .പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ മൂന്നര വർഷത്തിനുള്ളിൽ നടന്ന രണ്ട് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പുകളിലും വൈസ്പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രയത്‌നിച്ചിട്ടും കേരളാകോൺഗ്രസ് പ്രതിനിധി പ്രസിഡന്റ് ആകേണ്ട ടേമിൽ കോൺഗ്രസ് പാർട്ടി രാഷ്ട്രീയ വഞ്ചന കാട്ടി.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് പ്രതിനിധിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചശേഷം ജോസ് കെ മാണി വിഭാഗത്തിലേക്ക് കൂറ് മാറിയ വ്യക്‌തിയെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് പാർട്ടി കേരളാകോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം തട്ടിയെടുത്തത്. ഈ നീക്കം മുൻകുട്ടി മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും ജോയിച്ചൻ പറഞ്ഞു.

യൂ.ഡി.എഫിനെ മുന്നിൽ നിന്ന് നയിക്കുന്ന പാർട്ടി ഘടകകക്ഷികൾക്കെതിരെ നടത്തുന്ന ഇത്തരം കുതികാൽവെട്ടൽ രാഷ്ട്രീയം മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് അംഗീകരിക്കാനാവുന്നതല്ല. 30 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ ഉണ്ടായ മറക്കാനാവാത്ത ഈ ദുരനുഭവത്തിൽ താൻ നിരാശനാണെന്നും മാന്യതയ്ക്ക് നിരക്കാത്ത ഇത്തരം രാഷ്ട്രീയ പ്രവർത്തനശൈലി പൊതുപ്രവർത്തകർക്കാകമാനം അപമാനകരമാണെന്നും ജോയിച്ചൻ പറഞ്ഞു.

രാഷ്ട്രിയ പ്രവർത്തനകാലഘട്ടത്തിൽ പാർട്ടി പാർലമെൻ്ററി തലങ്ങളിൽ നിരവധി അവസരങ്ങളും അംഗീകാരങ്ങളും നൽകിയ കേരളാകോൺഗ്രസ് പാർട്ടിക്കും ചെയർമാൻ പി. ജെ ജോസഫിനും ഇതരനേതാക്കന്മാർക്കും സഹപ്രവർത്തകർക്കും നന്ദിയറിയിക്കുന്നു. ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന പത്ത് വർഷക്കാലം ജനങ്ങൾ നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും നന്ദിയറിയിക്കുന്നതായും മൂന്നിലവ് UDF കൺവീനർ സ്ഥാനവും കേരളാകോൺഗ്രസ് പാർട്ടിയിലെ പ്രാഥമികാംഗതവും, രാജിവക്കുന്നതായും ജോയിച്ചൻ കുന്നയ്ക്കാട്ട് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version