Kerala
പാലാ നഗരസഭ ചെയർമാൻ പത്രം വായിക്കാത്തതും ഓൺ ലൈൻ വാർത്തകൾ കാണാത്തതും തങ്ങളുടെ കുഴപ്പമല്ല: തുരുത്തന് മറുപടിയുമായി ജോസഫ് വിഭാഗം
പാലാ : പാലായിലെ ടൗൺ ബസ്സ്റ്റാന്റിന്റെ ഉടമസ്ഥാവകാശം പാലാ നഗരസഭക്കാണ് എന്നത് ചെയർമാൻ ഷാജു തുരുത്തനിൽ നിന്നും പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്ന് ജോസഫ് വിഭാഗം കൗൺസിലർമാർ രോക്ഷത്തോടെ കോട്ടയം മീഡിയായോട് പ്രതികരിച്ചു.
പാലാ ടൗൺ ബസ്റ്റാന്റ് ടാറിംഗിൽ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെന്നും അതിനാൽ ചെയർമാൻ സ്വന്തം നിലയിൽ പണം മുടക്കി മക്കിട്ട് സ്റ്റാന്റിലെ കുഴി നികത്തിയെന്നും ചെയർമാനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത് തങ്ങളല്ല, മറിച്ച് മംഗളവും കോട്ടയം മീഡിയായുമടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളാണ്.നഗരസഭ ചെയർമാൻ പത്രം വായിക്കാത്തതും ഓൺ ലൈൻ വാർത്തകൾ കാണാത്തതും തങ്ങളുടെ കുഴപ്പമല്ല. വിഷയത്തിലെ അജ്ഞതയും കുഴികളിൽ കൊട്ടി ഘോഷിച്ച് ഇട്ട മക്കിന്റെ ഇപ്പോഴത്തെ അവസ്ഥയും എന്തെന്നത് ജനം വിലയിരുത്തട്ടെ.
സംസ്ഥാന ഭരണത്തിൽ പങ്കാളിയായ കക്ഷിയുടെ നഗരസഭ ചെയർമാൻ സി പി എം ഭരിക്കുന്ന വകുപ്പിനെതിരെ തെറ്റായി നടത്തിയ പരാമർശമായാണ് തങ്ങൾ അതിനെ വിലയിരുത്തിയത്. പത്രത്തിലും ഓൺ ലൈൻ മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റാണെങ്കിൽ അത് തിരുത്താൻ തുരുത്തൻ തയ്യാറാവണം.പ്രതിഷേധിക്കാൻ കറുത്ത കരങ്ങളുടെ പുറകിലോ മുന്നിലോ പോകേണ്ട ഗതികേട് ഞങ്ങൾക്കില്ല. പോയാലും അത് ബോധിപ്പിക്കേണ്ടത് തങ്ങളെ തിരഞ്ഞെടുത്ത മുന്നണിയുടെ മുമ്പിലാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട എം എൽ എ യും എം പി യും അടങ്ങുന്ന മുന്നണിയാണ് പാലായിലെ ഐക്യജനാധിപത്യ മുന്നണി.
വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയുമായി അഭിപ്രായ വ്യത്യാസമില്ല. പക്ഷേ വിഷയത്തിൽ തങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. അത് പറയുക തന്നെ ചെയ്യും.ഇതിനെ മുന്നണിയിലെ തമ്മിലടിയായി ചിത്രീകരിച്ച് ആരും സായുജ്യമടയുകയും വേണ്ട.പാലായിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റാനുളള ആളുള്ള തുരുത്തന്റെ പാർട്ടിക്ക് ഏറ്റവും ഒടുവിൽ എം പി ഉൾപ്പെടെ നഷ്ടപ്പെട്ടത് തുരുത്തൻ പരിഹസിച്ച ഓട്ടോ മൂലമാണ്. ഓട്ടോ ജനകീയതയുടെ അടയാളമാണ്. ഭീഷണിയും അപഹാസവും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് യോജിച്ച പ്രവർത്തിയല്ല.
സീനിയർ കൗൺസിലർ കൂടിയായ ഷാജു തുരുത്തൻ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകുമെന്നും അതല്ല വിരട്ടാനും പരിഹസിക്കാനുമാണ് നീക്കമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുമെന്നും ജോസഫ് വിഭാഗം കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു, സിജി ടോണി എന്നിവർ സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.