Kerala
വിശുദ്ധിയുടെ സുഗന്ധവും ചരിത്രത്തിന്റെ അഭിമാനവും സമ്മാനിച്ച് സംഘാടകമികവിൽ പാലാ
പാലാ: പാലാ രൂപതയുടെ ആതിഥേയത്വം സ്വീകരിച്ച് സീറോമലബാർ സഭായോഗത്തിനെത്തിയവരിലെല്ലാം നിറയുന്നത് വിശുദ്ധിയുടെ സുഗന്ധവും ചരിത്രത്തിന്റെ അഭിമാനബോധവും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള ആതിഥേയത്വത്തെ വിശിഷ്ടാതിഥികളടക്കം അഭിനന്ദിച്ചത് സംഘാടകർക്കുള്ള അംഗീകാരവുമായി.
ഭാരതകത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധയുടെ അഭൗമസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന മണ്ണിലാണ് സഭായോഗത്തിനെത്തിയതെന്നത് അസംബ്ലി അംഗങ്ങൾക്ക് സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. പാലാ രൂപതയുടെ സ്വന്തം സ്വർഗീയകുസുമമായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനേക്കുറിച്ച് ചോദിച്ചറിയാനും പഠിക്കാനും പലരും ആവേശമാണ് പ്രകടിപ്പിക്കുന്നത്.
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ, ദൈവദാസൻ കണിയാരകത്ത് ബ്രൂണോ അച്ചൻ, ദൈവദാസി കൊളോത്തമ്മ എന്നിവരുടെ വിശുദ്ധ വഴികളും പാലായ്ക്കും പാലായിലെത്തിയവർക്കും ഒരുപോലെ വിശുദ്ധജീവിതത്തിന്റെ വഴികൾ തുറന്നിടുന്നു. ദൈവദാസരായ മാർ മാത്യു കാവുകാട്ട്, കാട്ടാറാത്ത് വർക്കിയച്ചൻ, മാധവത്ത് ആർമണ്ട് അച്ചൻ എന്നിവർക്ക് ജന്മം നൽകാനും ആത്മീയപോഷണം നൽകി സഭയ്ക്ക് സമ്മാനിക്കാനും കഴിഞ്ഞ രൂപതയ്ക്ക് അവരെക്കുറിച്ച് അതിഥികളോട് സംസാരിക്കാൻ ഏറെ സന്തോഷമാണ്.
പറമ്പിൽ ചാണ്ടി മെത്രാൻ, പാറേമ്മാക്കൽ തോമ്മാക്കത്തനാർ, കുടക്കച്ചിറ അന്തോണി കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ, പനങ്കുഴയ്ക്കൽ വല്യച്ചൻ, മൈലപ്പറമ്പിൽ അച്ചൻ, കളപ്പുരയ്ക്കൽ അന്ത്രയോസ് കത്തനാർ, കുട്ടൻതറപ്പേൽ യൗസേപ്പ് അച്ചൻ, ഫാ. തോമസ് അരയിത്തിനാൽ എന്നീ അനശ്വരവ്യക്തിത്വങ്ങളേയും അസംബ്ലി അംഗങ്ങൾ ചോദിച്ചറിയുന്നു. സീറോമലബാർ സഭയിലെ ആദ്യ സഭാതാരങ്ങളായ ഡോ. എ. റ്റി. ദേവസ്യ, ഡോ. സിറിയക്ക് തോമസ്, ജോൺ കച്ചിറമറ്റം എന്നീ മൂന്നുപേരുടേയും വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേലിന്റേയും രൂപതയെന്നതും പാലായ്ക്ക് വലിയ അഭിമാനമാണ്.
മലയാള സാഹിത്യത്തിലെ അവിസ്മരണീയ സംഭാവനകൾ നൽകിയ കട്ടക്കയം ചെറിയാൻ മാപ്പിള,
പ്രവിത്താനം ദേവസ്യാ, സിസ്റ്റർ മേരി ബനീഞ്ഞ എന്നിവരെക്കുറിച്ച് സാഹിത്യവാസനയുള്ളവർ കൂടുതൽ അന്വേഷിച്ചറിയുന്നുണ്ട്. സാമൂഹ്യ പ്രവർത്തനരംഗത്ത് ഫാ. എബ്രാഹം കൈപ്പൻപ്ലാക്കലും പ്രേഷിതരംഗത്ത് പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടനും (പി. സി. എബ്രാഹം) നടത്തിയ ശുശ്രൂഷകളും ആതിഥേയരായ പാലായുടെ ഹൃദയത്തിനൊപ്പം അതിഥികളുടെ മനസിലും ജ്വലിച്ചുയരുന്നുണ്ട്. ഗവർണർമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വൈസ് ചാൻസലർമാർ, ഐഎഎസ്, ഐപിഎസ്, ഐഇഎസ് ഉദ്യോഗസ്ഥർ എന്നിവരിലൂടെ പാലാ നേടിയിട്ടുള്ള ഖ്യാതി അംസംബ്ലി അംഗങ്ങളുടെ മനസിലുയരുന്നത് പാലായ്ക്കുള്ള അംഗീകാരമായും മാറുന്നു.