Kerala
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.ബാക്കോപ്സ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം യുകെയിൽ 2003ൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും അവകാശപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി 2019ൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച സ്ഥാപനത്തിന്റെ വാർഷിക റിട്ടേണുകളിൽ രാഹുൽ ഗാന്ധി ബ്രിട്ടിഷുകാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം.
2009 ഫെബ്രുവരി 17-ന് ബാക്കോപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ഗാന്ധിയുടെ പൗരത്വം വീണ്ടും ബ്രിട്ടിഷുകാരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഒൻപതിന്റെയും 1955 ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നാണ് സ്വാമിയുടെ ആരോപണം.2019 ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും വസ്തുത അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. കത്ത് നൽകി അഞ്ചുവർഷം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് ബിജെപി ആരോപിക്കുന്നു. ആയതിനാലാണ് പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചിരിക്കുന്നത്.