Kerala

തൊടുപുഴയിൽ 29 ലെ അവിശ്വാസ ചർച്ചയും ;30 ലെ ഉപ തെരഞ്ഞെടുപ്പും നിർണ്ണായകമാവുമ്പോൾ

Posted on

തൊടുപുഴ : നഗരസഭ ചെയര്‍മാനെതിരേയുള്ള അവിശ്വാസത്തിനും ഉപതെരഞ്ഞെടുപ്പിനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ അണിയറ നീക്കങ്ങള്‍ സജീവമാക്കി മുന്നണികള്‍. 29നാണ് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെതിരേ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസം പരിഗണിക്കുന്നത്. ഇതിനു പിന്നാലെ 30ന് നഗരസഭ ഒന്‍പതാം വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പും നടക്കും. അവിശ്വാസവും ഉപതെരഞ്ഞെടുപ്പ് വിജയവും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. അവിശ്വാസത്തിലൂടെ ചെയര്‍മാനെ പുറത്താക്കിയാലും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ ഇടതുമുന്നണിക്ക് ഭരണം നിലനിര്‍ത്താനാവും. എന്നാല്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാകും.

കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതോടെയാണ് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെതിരേ എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. യുഡിഎഫ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജ് എല്‍ഡിഎഫ് പിന്തുണയോടെയാണ് ചെയര്‍മാനായത്. രാജി ആവശ്യപ്പെട്ട് ചെയര്‍മാനെതിരേ സമരം നടത്തിയ യുഡിഎഫും ബിജെപിയും അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് സാധ്യത. എന്നാല്‍ ചെയര്‍മാന്‍ പുറത്തായാല്‍ പിന്നീടുള്ള മുന്നണി നീക്കങ്ങളിലാണ് എല്ലാവരുടെയും കണ്ണ്. നിലവിലെ സാഹചര്യത്തില്‍ രണ്ടു മുന്നണികള്‍ക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല.

യുഡിഎഫ് വിമതനായ സനീഷ് ജോര്‍ജിനെ ചെയര്‍മാനാക്കിയും യുഡിഎഫ് പക്ഷത്തേക്കു കൂറുമാറി വന്ന ജെസി ജോണിക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയുമാണ് 15 അംഗങ്ങളുമായി എല്‍ഡിഎഫ് നഗരസഭയില്‍ ഭരണം പിടിച്ചത്. യുഡിഎഫിന് 12, ബിജെപി എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതില്‍ ജെസി ജോണി കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെ അംഗ ബലം 14 ആയി. ചെയര്‍മാന്‍കൂടി മാറിയാല്‍ ഇത് 13 എന്ന നിലയിലേക്ക് മാറും. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ എല്‍ഡിഎഫിന് വീണ്ടും ഭരണത്തിലെത്താന്‍ കഴിയും. എന്നാല്‍ സിറ്റിംഗ് സീറ്റായതിനാല്‍ ഇവിടെ വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. വിജയിച്ചാല്‍ അംഗസംഖ്യ പതിമൂന്നിലെത്തും. ഒരാളുടെകൂടി പിന്തുണയുണ്ടെങ്കില്‍ ഭരണത്തിലെത്താന്‍ കഴിയും. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സനീഷ് ജോര്‍ജ് നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.

ഇത്തരം കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ ഉപതെരഞ്ഞെടുപ്പില്‍ സജീവമാണ്. എല്‍ഡിഎഫ്,യുഡിഎഫ്, ബിജെപി മുന്നണികള്‍ക്കു പുറമേ ആംആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവിശ്വാസം പരിഗണിക്കുന്ന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി യുഡിഎഫ് യോഗം 26നു ചേരും. യോഗത്തില്‍ അവിശ്വാസം സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടുകളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്തു തീരുമാനിക്കും. അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് തത്വത്തില്‍ യുഡിഎഫും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. സനീഷ് ജോര്‍ജ് അവിശ്വാസത്തിലൂടെ പുറത്തായാല്‍ നടക്കാനിരിക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നഗരസഭയെ സംബന്ധിച്ച് നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് സനീഷ് ജോര്‍ജിന്റെ നിലപാടിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version