Kerala
ബിരിയാണി ചെമ്പിൽ ശേഖരിച്ച് മാലിന്യങ്ങൾ സെക്രട്ടറിയേറ്റ് വളപ്പിൽ നിക്ഷേപിക്കാൻ തുനിഞ്ഞ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് തടഞ്ഞു:പഴിചാരൽ നിർത്തി പരിഹാരം കാണണം : അപു ജോൺ ജോസഫ്
മാലിന്യ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്ന തലസ്ഥാന നഗരിയിലെ വിവിധ ഭരണസംവിധാനങ്ങളും സർക്കാർ വകുപ്പുകളും പരസ്പരമുള്ള പഴിചാരലുകൾ നിർത്തി ജനങ്ങളെ ബാധിക്കുന്ന മാലിന്യ സംസ്കരണ വിഷയത്തിന് പരസ്പര ചർച്ചകൾ നടത്തി അടിയന്തരമായി പരിഹാരമാർഗ്ഗങ്ങൾ കാണണമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്കും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു ബിരിയാണി ചെമ്പിൽ ശേഖരിച്ച് മാലിന്യങ്ങൾ സെക്രട്ടറിയേറ്റ് വളപ്പിൽ നിക്ഷേപിക്കാൻ തുനിഞ്ഞ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് തടഞ്ഞു.
സംഘർഷം മൂർച്ഛിച്ചതോടെ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശ്രീ. ചന്തവിള സുജിത്തിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ മാർച്ചിൽ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ശ്രീമാൻ ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ കെ വി കണ്ണൻ, കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ ജോണി ചെക്കിട്ട, ശ്രീ. ജൂണി കുതിരവട്ടം,കേരള യൂത്ത് ഫ്രണ്ട് നേതാക്കളായ രതീഷ് ഉപയോഗ്, അരുൺ ബാബു, നൗഫൽ ആമ്പല്ലൂർ, സാബു തിരുവല്ലം, ഗിരീഷ് ഉഴമലയ്ക്കൽ, പ്രിൻസ് മാന്നാർ, പ്രമോദ്, ജാഫർ ഖാൻ കഴക്കൂട്ടം, സുനിൽ പൂന്തുറ, ഷമീർ എന്നിവർ സംസാരിച്ചു.